രാജ്കോട്ട് : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവർക്ക് ഈ മത്സരത്തിൽ അവസരം ലഭിച്ചേക്കും.
മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 2-1ന് പരമ്പരയിൽ മുന്നിലാണ്. ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ മൂന്നാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചുവന്നു. അതുകൊണ്ടു തന്നെ ഈ കളി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഇന്നത്തെ മത്സരം തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. കളി ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് അർധസെഞ്ചുറികൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കിഷനെ ഐസിസി റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമാണ്. മധ്യനിരയാണ് ഇന്ത്യയുടെ പ്രശ്നം. റിഷഭ് പന്ത് നിരാശപ്പെടുത്തുമ്പോൾ ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തുന്നില്ല. ഹർദിക് പാണ്ഡ്യയും ദിനേഷ് കാർത്തികും ഫിനിഷർ റോളിൽ കളിക്കുന്നു. ഭുവനേശ്വർ കുമാർ ബൗളിംഗിൽ തകർക്കുമ്പോൾ ഹർഷൽ പട്ടേൽ, യുസി ചാഹൽ, അക്സർ പട്ടേൽ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എയ്ഡൻ മാർക്രത്തിന്റെ പരിക്ക് ദക്ഷിണാഫ്രിക്കൻ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഡി കോക്ക് തിരിച്ചെത്തിയാൽ റീസ ഹെൻറിക്ക്സ് പുറത്താകും. കഴിഞ്ഞ മത്സരങ്ങളിലൊന്നും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ജയിച്ച രണ്ട് മത്സരങ്ങളിലും വ്യക്തിഗത പ്രകടനമാണ് അവരെ സഹായിച്ചത്. ആദ്യ കളിയിൽ ഡേവിഡ് മില്ലറും രണ്ടാം മത്സരത്തിൽ ഹെൻറിച്ച് ക്ലാസനും വിജയിച്ചു.