അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാനിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു.
റോഡുകളിലെ കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിലെ പരമാവധി താപനില 37-42 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. തീരപ്രദേശങ്ങളിലെ പരമാവധി താപനില 34-39 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത.
അൽ ഐനിലെ റഖ്നയിലാണ് തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വൈകിട്ട് 6.30 ആയപ്പോഴേക്കും താപനില 16.3 ഡിഗ്രി സെൽഷ്യസായിരുന്നു. തെക്ക്-കിഴക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 10-20 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചിലപ്പോൾ ഇത് 30 കിലോമീറ്റർ വരെയാകും. വരും ദിവസങ്ങളിലും രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.