അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പനി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യാസ് മാളിലെ അൽ മനാറ ഫാർമസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലെ അല്‍ തിഖ അല്‍ അല്‍മൈയാ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലും സുല്‍ത്താന്‍ ബിന്‍ സായിദ് സ്‍ട്രീറ്റിലും (അല്‍ മുറൂര്‍ റോഡ്) ഉള്ള അല്‍ തിഖ അല്‍ ദൊവാലിയ ഫാര്‍മസി, വിവിധ സ്ഥലങ്ങളിലുള്ള അല്‍ ഐന്‍ ഫാര്‍മസി ശാഖകള്‍ എന്നിവയ്ക്കാണ് വാക്സിനുകൾ ലഭ്യമാക്കാൻ അബുദാബി ആരോഗ്യ വകുപ്പ് അനുമതി നൽകിയത്.
18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇൻഫ്ലുവൻസ വാക്സിൻ എടുക്കാം. ചില വിഭാഗങ്ങൾക്ക് വാക്സിൻ സൗജന്യവുമാണ്. തിഖ ആരോഗ്യ ഇൻഷുറൻസ് ഉടമകൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ, ഗർഭിണികൾ, 50 വയസിന് മുകളിലുള്ളവർ, ഹജ്ജ്, ഉംറ തീർത്ഥാടകർ എന്നിവർക്ക് വാക്സിൻ സൗജന്യമായി ലഭിക്കും.