ഗുജറാത്ത്: മനുഷ്യന് ഇപ്പോൾ ലോകമെമ്പാടും സഞ്ചരിക്കാൻ കുറച്ച് മണിക്കൂറുകൾ മാത്രമേ ആവശ്യമുള്ളൂ. കടൽ കടന്നുള്ള മനുഷ്യന്റെ സഞ്ചാര ശീലത്തിനും അത്ര പഴക്കമൊന്നും അവകാശപ്പെടാനില്ല. എന്നാൽ മനുഷ്യൻ വിമാനങ്ങൾ കണ്ടുപിടിക്കുന്നതിനും എത്രയോ മുൻപ് തന്നെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് നാടുകാണുന്നവയാണ് ദേശാടനപ്പക്ഷികൾ. അനുയോജ്യമായ ആവാസവ്യവസ്ഥ, കാലാവസ്ഥ, ഭക്ഷണം എന്നിവ തേടി അറിയാത്ത നാടുകൾ കണ്ടെത്താനുള്ള ദേശാടന പക്ഷികളുടെ കഴിവ് വളരെ വലുതാണ്. ഇന്ത്യയിൽ നിന്ന് വളരെ ദൂരം സഞ്ചരിച്ച ദേശാടന പക്ഷിയുടെ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ പങ്കുവച്ചു.
ഗുജറാത്തിലെ മെൻഡാർഡയിൽ നിന്ന് കുടിയേറിയ പാലിഡ് ഹാരിയറുകളിലൊന്നിന്റെ പാതയാണിത്. 6,000 കിലോമീറ്ററിലധികം ദൂരം താണ്ടി ഈ പക്ഷി റഷ്യയിലേക്കാണ് കുടിയേറിയത്. ഉപഗ്രഹ ടാഗിംഗ് നൽകിയാണ് പക്ഷിയുടെ സഞ്ചാരപഥം നിരീക്ഷിച്ചത്. ഏതൊക്കെ രാജ്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഓരോ സ്ഥലത്തുകൂടിയും പക്ഷി എത്ര കിലോമീറ്റർ സഞ്ചരിച്ചുവെന്നും കൃത്യമായി നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിച്ചു. ദേശാടന പക്ഷികളുടെ ചലനം നിരീക്ഷിക്കുന്നതിനായി നടത്തുന്ന മധ്യേഷ്യൻ ഫ്ലൈവേ എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പാലിഡ് ഹാരിയറിന് സാറ്റലൈറ്റ് ടാഗ് നൽകിയത്. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപഗ്രഹ ടാഗുകൾ നാല് പക്ഷികളിലാണ് ഘടിപ്പിച്ചിരുന്നതെന്ന് പർവീൺ കസ്വാൻ വ്യക്തമാക്കി. ഇവ ഭൂമിയിൽ നിന്ന് 2658 മീറ്റർ ഉയരത്തിൽ പറന്നു. ചില സ്ഥലങ്ങളിൽ, അവ മണിക്കൂറിൽ 87 കിലോമീറ്റർ വരെ വേഗതയിൽ പറന്നു.
രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവിശ്വസനീയമായ കാഴ്ചയാണിതെന്ന് പലരും കമന്റ് ചെയ്തു. ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ളതാണെങ്കിലും, ഇന്ത്യൻ സ്പോട്ടഡ് ഈഗിൾ, ടോണി ഈഗിൾ, പാലിഡ് ഹാരിയർ എന്നിവയുൾപ്പെടെ ദേശാടന പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഗവേഷകർ കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനവും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ കടന്നുകയറ്റവുമാണ് ഇതിന് ചില കാരണങ്ങൾ എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.