ഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്-19ൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ വിവധ പ്രശ്നങ്ങളെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇത്തരം സാമ്പത്തിക ആഘാതങ്ങളിൽ ആശങ്കാകുലരാണ്. അതേസമയം, ഭക്ഷ്യവിലയിലെ വിതരണ സമ്മർദ്ദം പരിഹരിക്കുന്നതിന് ഇതിനകം മികച്ച ചട്ടക്കൂട് സ്ഥാപിച്ചിട്ടുള്ളതിനാൽ, പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതിൽ രാജ്യം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട് എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ക്രൂഡ് ഓയിൽ പോലുള്ള ചില ചരക്കുകളുടെ ഇറക്കുമതിയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ജനുവരി മുതൽ റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ്. അടുത്ത വർഷം ആരംഭത്തിലോ പകുതിയിലോ ഇത് സഹനപരിധിക്ക് ഉള്ളിൽ വരുമെന്നും മന്ത്രി പറഞ്ഞു.