ദോഹ: ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ. ഞായറാഴ്ച വരെയുള്ള കണക്കാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഫിഫയുടെ വരുമാനം 7.5 ബില്യൺ ഡോളറായി ഉയർത്താൻ ടൂർണമെന്റ് സഹായിച്ചെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു. ഖത്തറിന്റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നെഗറ്റീവ് പ്രചാരണങ്ങൾക്കിടയിലും മത്സരങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് ടിക്കറ്റ് വിൽപ്പനയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്.
29 ദിവസങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളിലേക്കായി 29.50 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ദോഹയിലെ ഫിഫ ടിക്കറ്റ് സെന്ററിന് പുറത്ത് ടിക്കറ്റിനായി കാത്തിരിക്കുന്ന ആളുകളുടെ നീണ്ട നിരയാണുള്ളത്. ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമിലും ഏറെ സമയം കാത്തിരിക്കണം. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ 24 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
ടിക്കറ്റ് വിൽപ്പനയിൽ ഖത്തർ ഇതിനകം റഷ്യയെ മറികടന്നു. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് വാങ്ങുന്നതിൽ മുന്നിലുള്ളത്.