Spread the love

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ കളിച്ച് ഫെഡറർ വിട വാങ്ങും. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ 41 കാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല.

നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് സ്വിങ് ചെയ്യാൻ കഴിയുക എന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് റോജർ ഫെഡറർ പറഞ്ഞു. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറേ, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവർക്കൊപ്പം ടീം യൂറോപ്പിന്‍റെ താരമാണ് ഫെഡറർ. ബ്യോൺബോർഗാണ് ടീമിന്‍റെ ക്യാപ്റ്റൻ. വിരമിക്കലിന് ശേഷം, മറ്റ് പലരെയും പോലെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും എല്ലാം നൽകിയ ടെന്നീസുമായി ബന്ധപ്പെട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫെഡറർ പറഞ്ഞു. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ തിളക്കത്തോടെയാണ് ഫെഡറർ കളം വിടുന്നത്. 

ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് ഫെഡറർ നേരത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ‘എനിക്ക് 41 വയസ്സായി. 1500ലധികം മത്സരങ്ങൾ കളിച്ചു. 24 വർഷമായി കോർട്ടിലുണ്ട്. ടെന്നീസ് ഞാൻ സ്വപ്നം കണ്ടതിനേക്കാൾ കൂടുതൽ എനിക്ക് നൽകി. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു’ എന്നായിരുന്നു താരത്തിന്‍റെ വിരമിക്കല്‍ അറിയിപ്പ്.

By newsten