Spread the love

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് ബാഡ്ജിങ് തല്‍കാലികമായി നിര്‍ത്തി വെക്കുമെന്ന് ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകള്‍ വ്യാപകമായതിന് പിന്നാലെയാണ് പുതിയ നടപടി. ഇതുവഴി വ്യാജ അക്കൗണ്ടുകള്‍ തടയാനാകുമെന്ന പ്രതീക്ഷയിലാണ് മസ്‌ക്. ഇനി ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ബ്ലൂ ടിക്ക് റീലോഞ്ച് ചെയ്യുകയുള്ളൂ എന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സേവനം ഈ മാസം 29 മുതല്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് റിലോഞ്ചിങ് നടത്താനുള്ള തീരുമാനം. ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ നിരവധി വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹൈ പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന ബ്ലൂ ടിക്ക് എട്ട് ഡോളര്‍ അടയ്ക്കുന്ന ആര്‍ക്കും ലഭ്യമാക്കാന്‍ ട്വിറ്റര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടത്. പ്രമുഖരുടെ പേരുകളില്‍ അടക്കം വ്യാജ അക്കൗണ്ടുകള്‍ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടു. ജീസസ് ക്രൈസ്റ്റ് മുതല്‍ ജോര്‍ജ് വാഷിംഗ്ടണിന്റെ പേരില്‍ പോലും വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. തങ്ങളുടെ പേരില്‍ വ്യജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടത് വന്‍കിട കമ്പനികള്‍ക്കടക്കം വലിയ തിരിച്ചടിയായിരുന്നു. ട്വിറ്ററിനെ ഇത് വലിയ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.

By newsten