ഏതെങ്കിലും സ്ഥാനാർത്ഥിക്കെതിരെ വ്യാജ വീഡിയോകൾ ചമച്ച് യു.ഡി.എഫിന് തിഞ്ഞെടുപ്പിൽ വിജയിക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് തൃക്കാക്കരയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വ്യാജ വീഡിയോ നിർമ്മിച്ചവരെയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരെയും നിയമത്തിന മുന്നിൽ കൊണ്ടുവരാൻ സർക്കാരും പൊലീസും മടിക്കുകയാണ്. അത്തരമൊരു വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന സി.പി.എം നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് ഇപ്പോൾ വ്യക്തമാണ്.
തൃക്കാക്കരയിലെ വോട്ടർമാരെ വൈകാരിക വിഷയമായി ഉയർത്തി തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള തർക്കമാണോ വ്യാജ വീഡിയോയ്ക്ക് പിന്നിലെന്ന് അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ എകെജി സെൻററിൻറെ നിർദേശ പ്രകാരമാണ് പോലീസ് പ്രവർത്തിക്കുന്നത്. വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് രാഷ്ട്രീയം കളിക്കുകയാണ്. വികസനമോ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളോ ചർച്ച ചെയ്യാൻ ഒന്നുമില്ലാത്തതിനാലാണ് എൽഡിഎഫ് വീഡിയോയെക്കുറിച്ച് പ്രചാരണം നടത്തുന്നത്. പരാജയഭീതിയാണ് ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്നും സുധാകരൻ പറഞ്ഞു.
പി.ടി തോമസിൻറെ മരണം പോലും ഭാഗ്യമായി കാണുന്നു എന്ന മനോഭാവമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഉള്ളത്. നേതാക്കൾക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് സി.പി.എം ഷെലിയാണ്. ബിജെപി ഈ വിഷയത്തിൽ ഒട്ടും പിന്നിലല്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കുടുംബത്തിനുമെതിരെ സിപിഎം പ്രവർത്തകർ ഹീനമായ സൈബർ ആക്രമണം നടത്തിയിരുന്നു.