വ്യാജ അക്കൗണ്ടുകൾ വർധിച്ചതോടെ ട്വിറ്റർ അടുത്തിടെ പ്രഖ്യാപിച്ച 8 ഡോളർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ സേവനം വെള്ളിയാഴ്ച താൽക്കാലികമായി നിർത്തി. പുതിയ ഉടമ എലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ചില ഉപയോക്താക്കൾക്ക് “ഔദ്യോഗിക” ബാഡ്ജ് തിരികെ കൊണ്ടുവന്നു.
യഥാർത്ഥ അക്കൗണ്ടുകൾക്ക് ശരിയായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ ട്വിറ്റർ ഇത്രയും വർഷങ്ങളായി സൗജന്യമായി നല്‍കിയിരുന്ന ഒരു ബാഡ്ജാണ് വെരിഫിക്കേഷൻ ബ്ലൂ ടിക്ക്. രാഷ്ട്രീയക്കാർ, പ്രശസ്ത വ്യക്തികൾ, പത്രപ്രവർത്തകർ, മറ്റ് പൊതു വ്യക്തികൾ എന്നിവരുടെ അക്കൗണ്ടുകൾക്കാണ് ഇത് നൽകിയിരുന്നത്. എന്നാൽ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ഇത് സൗജന്യമായി നൽകുന്നത് നിർത്തുകയും പ്രതിമാസം 8 ഡോളർ നൽകാൻ തയ്യാറുള്ള എല്ലാവർക്കും ലഭ്യമായ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സിസ്റ്റം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ട്വിറ്ററിൽ ഇപ്പോൾ വ്യാജ അക്കൗണ്ടുകൾ വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, മുൻ പ്രസിഡന്‍റ് ജോർജ് ബുഷ്, ടെസ്ല, ലോഖീദ് മാര്‍ട്ടിന്‍ എന്നിവരുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. വ്യാജ അക്കൗണ്ടുകൾക്കും ഇപ്പോൾ വെരിഫിക്കേഷൻ ടിക്ക് ഉണ്ടെന്നതാണ് അപകടം.