ന്യൂഡല്‍ഹി: സ്റ്റീൽ ഉൽപ്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മെയ്യിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയത് സംബന്ധിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര് കട്ടികളുടെ കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല.
മെയ്യിൽ, സ്റ്റീൽ കയറ്റുമതിക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെ കയറ്റുമതി തീരുവ സർക്കാർ ഈടാക്കിയിരുന്നു. അന്നുമുതൽ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില കുറയുകയാണ്. ഇന്ത്യയുടെ സ്റ്റീൽ കയറ്റുമതി ഒക്ടോബറിൽ 66 ശതമാനമാണ് കുറഞ്ഞത്. സ്റ്റീൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021 ഒക്ടോബറിലെ കയറ്റുമതി 1.05 ദശലക്ഷം ടൺ ആയിരുന്നു. ദുർബലമായ ആഗോള ആവശ്യകതയും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വിലയും കയറ്റുമതി കുറയ്ക്കാൻ കാരണമായി.
ഒക്ടോബർ, സെപ്റ്റംബർ മാസത്തിൽ കയറ്റുമതി ഏകദേശം 40 ശതമാനം കുറഞ്ഞു. നോൺ-അലോയ്, അലോയ്ഡ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഇടിവുണ്ടായി. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ സ്റ്റീൽ കയറ്റുമതി മോശം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഏഴ് മാസംകൊണ്ട് കയറ്റുമതി 55 ശതമാനം കുറഞ്ഞ് 3.9 മില്യൺ ആയി.