യുഎഇ : യുഎഇയിലെ പ്രധാന ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ‘ഗോചാറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ‘ഗോചാറ്റ്’ ആപ്പ് ഉപയോഗിക്കാം. സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ, മണി ട്രാൻസ്ഫർ സിസ്റ്റം, ബിൽ പേയ്മെന്റുകൾ, ഗെയിമിംഗ് എന്നിവ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
യുഎഇ-യിലെ ഉപഭോക്താക്കൾക്ക് ഏത് രാജ്യത്തേക്കും സൗജന്യ വീഡിയോ, ഓഡിയോ കോളുകൾ നടത്താൻ കഴിയും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വീഡിയോ കോളിംഗ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റ്, സൂം, സ്കൈപ്പ് എന്നിവ വീഡിയോ കോളുകൾക്കും മീറ്റിംഗുകൾക്കും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ‘ഗോചാറ്റ്’ ആപ്ലിക്കേഷനും ഈ മേഖലയിലേക്ക് പ്രവേശിക്കുന്നു. വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗം ആഗോളതലത്തിൽ കൂടുതൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വീഡിയോ കോളിംഗ് രംഗത്ത് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ഇത്തിസലാത്തിന്റെ ലക്ഷ്യം. ബോട്ടിം,സി’മീ, ഹൈയു എന്നിവയുൾപ്പെടെയുള്ള മറ്റ് ഇതര ഇന്റർനെറ്റ് കോളിംഗ് പ്ലാറ്റ്ഫോമുകളും യുഎഇയിൽ ലഭ്യമാണ്.