ട്വിറ്റർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാൻ ഒരുങ്ങി ഇലോണ്‍ മസ്‌ക്. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കഠിനമായ സമയമാണ് വരുന്നതെന്നും ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജീവനക്കാർ ഓഫീസിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം ട്വിറ്ററിന്‍റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നും മസ്ക് പറഞ്ഞു.
2020 മെയ്യിൽ, ട്വിറ്റർ ജീവനക്കാർക്ക് ഓഫീസിൽ ഹാജരാകാതെ എത്രകാലം വേണമെങ്കിലും ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്നു. കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത് വലിയ വിജയം കണ്ടതിനെ തുടർന്നാണ് റിമോട്ട് വർക്ക് തുടരാൻ കമ്പനി തീരുമാനിച്ചത്. എന്നിരുന്നാലും, ഇലോണ്‍ മസ്ക് വർക്ക്-ഫ്രം-ഹോം സംവിധാനത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച ആളാണ്. കൊവിഡ് കാലത്ത് ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നത് കഠിനാധ്വാനം ചെയ്യേണ്ട ആവശ്യമില്ലെന്ന് ആളുകളെ ചിന്തിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
മസ്കിന്‍റെ മറ്റൊരു സ്ഥാപനമായ ടെസ്‌ല ജൂണിൽ റിമോട്ട് വർക്ക് നിരോധിച്ചിരുന്നു. മസ്‌ക് തന്റെ വ്യക്തിപരമായ താല്‍പര്യപ്രകാരം മാത്രമേ റിമോട്ട് ജോലി ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിന് അനുവാദം നല്‍കുകയുള്ളൂ.