ദുബായ്: ദുബായിലെ ഇന്ത്യൻ പ്രവാസികൾക്ക് അടിയന്തര പാസ്പോർട്ട് പുതുക്കലിന് ‘തത്കാൽ’ സേവനത്തിന് കീഴിൽ അപേക്ഷിക്കാമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. പാസ്പോർട്ട് പുതുക്കാനുള്ള വലിയ തിരക്ക് നേരിടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ പ്രത്യേക വാക്ക്-ഇൻ ക്യാമ്പുകളെ തുടർന്നാണ് നടപടി.
കഴിഞ്ഞ മാസം രണ്ട് ഞായറാഴ്ചകളിലായി നടന്ന പ്രത്യേക ക്യാമ്പുകളിലായി 2,000 പാസ്പോർട്ട് അപേക്ഷകളാണ് പരിശോധിച്ചത്. ഈ ആഴ്ച ആദ്യം ദുബായിൽ നടന്ന ഒരു പൊതു സംവാദത്തിൽ, ഔട്ട്സോഴ്സ്ഡ് സേവന ദാതാവായ ബിഎൽഎസ് ഇന്റർനാഷണലുമായി ഒരു അപ്പോയിന്റ്മെന്റ് ഉറപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് ആളുകൾ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് എല്ലാ തത്കാൽ അപേക്ഷകൾക്കും വാക്ക് ഇൻ സേവനം അനുവദിക്കാൻ തീരുമാനിച്ചതെന്ന് അംബാസഡർ അറിയിച്ചു. പാസ്പോർട്ടിന് അപോയിന്റ്മെന്റ് ലഭിക്കാത്ത ചിലരാണ് ഈ വിഷയം ഉന്നയിച്ചത്. അതിനാൽ, ഇപ്പോൾ എല്ലാ ‘തത്കാൽ’ സേവനങ്ങളും അപോയിന്റ്മെന്റുകളെ അടിസ്ഥാനമാക്കിയല്ലാതെ വോക്ക് ഇൻ ആക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘തത്കാൽ’ ആപ്ലിക്കേഷനുകൾക്കായുള്ള വാക്ക്-ഇൻ സേവനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബിഎൽഎസിൽ ലഭ്യമാകും. ഇത് ദുബായിലെ കേന്ദ്രങ്ങളിൽ ആരംഭിച്ച് മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.