നെയ്യാറ്റിൻകരയിൽ ദുർഗാവാഹിനി നടത്തിയ വാളുമേന്തിയുള്ള പ്രകടനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഗീയവാദികൾ ഭീഷണിയുമായി മുന്നോട്ട് വരുമ്പോൾ പ്രതിരോധം സ്വാഭാവികമാണെന്ന് സംഭവത്തെ ന്യായീകരിച്ച് കെ.സുരേന്ദ്രൻ പറഞ്ഞു. നെയ്യാറ്റിൻകരയിൽ നടന്നത് സ്ത്രീകളുടെ പ്രതീകാത്മക പ്രകടനമായിരുന്നു. മതതീവ്രവാദികളിൽ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ എൻ.ഡി.എ വന്വിജയം നേടുമെന്ന ആത്മവിശ്വാസവും സുരേന്ദ്രൻ പ്രകടിപ്പിച്ചു. യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് കനത്ത പോളിംഗ് സൂചിപ്പിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ തൃക്കാക്കരയിലെ ജനങ്ങൾ അംഗീകാരം നൽകും. മത-സാമുദായിക ശക്തികളെ സംരക്ഷിക്കുന്ന എൽ.ഡി.എഫിൻറെയും യു.ഡി.എഫിൻറെയും സമീപനം തൃക്കാക്കരയിലെ ജനങ്ങൾക്കിടയിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇതുവരെ 45.78 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് വോട്ട് രേഖപ്പെടുത്താൻ കാണുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 90,114 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിംഗ് ശതമാനത്തിൽ മൂന്ന് മുന്നണികൾക്കും ഒരുപോലെ ആത്മവിശ്വാസമുണ്ട്.