ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജമൗലിയുടെ ‘ആർആർആർ’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ആർആർആർ. 650 കോടി രൂപയാണ് ചിത്രത്തിന്‍റെ നിർമ്മാണച്ചെലവ്. മാർച്ച് 25ന് ആദ്യ റെക്കോർഡ് തകർത്ത ചിത്രം 132.30 കോടി രൂപ നേടി. ആദ്യ ആഴ്ച അവസാനത്തോടെ ഇത് 341.20 കോടി രൂപയിലെത്തി. 467 കോടി രൂപയുമായി ആർആർആർ മുന്നോട്ട് പോയി, ഹോളിവുഡ് ചിത്രം ബാറ്റ്മാനെ മറികടന്നു.
രാജമൗലിയുടെ ഇതിഹാസ ആക്ഷൻ ഡ്രാമ ലോകമെമ്പാടും 1150 കോടിയിലധികം രൂപ നേടി. തീയറ്ററിൽ നിന്ന് ഒ.ടി.ടിയിലേക്ക് മാറിയപ്പോഴേക്കും സിനിമ സൃഷ്ടിച്ച തരംഗത്തിന്‍റെ ശക്തി വർദ്ധിച്ചിരുന്നു. റിലീസ് ചെയ്തതു മുതൽ സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രാം ചരണും ജൂനിയർ എൻടിആറും ഒന്നിച്ചഭിനയിച്ച ഈ ചിത്രം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആരാധകരെ നേടി. ഇപ്പോൾ, രാജമൗലിയെയും സംഘത്തെയും തേടി കടലിന് കുറുകെ നിന്നുള്ള ഒരു അഭിനന്ദനം ഇതാ. ഡോക്ടർ സ്ട്രേഞ്ച് സംവിധായകൻ സ്കോട്ട് ഡെറിക്സൺ ആർആർആറിനെ ആരാധിക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് സെലിബ്രിറ്റിയാണ്.