തനിക്കും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിരാമി പറഞ്ഞു. പച്ചത്തെറി വിളിച്ചാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും അഭിരാമി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. തന്‍റെ പോസ്റ്റിന് ലഭിച്ച മോശം കമന്‍റുകളുടെ സ്ക്രീൻഷോട്ടുകളും അഭിരാമി പങ്കുവെച്ചു.
എന്‍റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്‍റുകളാണ് വരുന്നത്. നിങ്ങൾ ലൈംലൈറ്റിൽ ഉള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ ഒരു പരിധിക്കപ്പുറത്തേക്ക് പോയാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കി കൊണ്ടാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. എന്‍റെ സഹോദരിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിച്ചു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീല കമന്‍റുകൾ മാത്രമാണ് വരുന്നത്. പച്ചത്തെറി വിളിച്ചാണ് പലരും സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്‍റെ മുഖം കുരങ്ങനെപ്പോലെയുണ്ടെന്ന് പറയുന്നവരുണ്ട്. എന്‍റെ മുഖത്തിന്റെ പോരായ്മകളെക്കുറിച്ച് എനിക്കറിയാം. വൈകല്യങ്ങളെ നോക്കി അവയെ ക്രൂരമായി പരിഹസിക്കുന്നവരുണ്ട്. നിശ്ശബ്ദരായിരിക്കുന്നവർക്ക് നേരെ കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ്. ഞങ്ങൾക്കും മനസ്സുണ്ട്. ഞങ്ങളും സ്ട്രഗിൾ ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളെ പറയാൻ എന്ത് യോഗ്യതയാണ് ഇവർക്കുള്ളത്. ആരും പെർഫക്ടും അല്ല. അഭിരാമി പറഞ്ഞു.