അമേരിക്ക: മാനനഷ്ടക്കേസ് സംബന്ധിച്ച് മുന്‍ഭാര്യ ആംബര്‍ ഹേർഡിൽ നിന്ന് ലഭിക്കേണ്ട തുക നടൻ ജോണി ഡെപ്പ് നിരസിച്ചേക്കുമെന്ന് അഭിഭാഷകന്‍. ഡെപ്പിന് ഇത്രയും തുക നൽകാൻ ആംബറിന് കഴിയില്ലെന്ന് ആംബറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഡെപ്പിന്റെ അഭിഭാഷകരിൽ ഒരാളായ ബെഞ്ചമിൻ ച്യൂ ഒരു അഭിമുഖത്തിൽ കേസ് പണത്തിന് വേണ്ടിയല്ല, മറിച്ച് അഭിമാനത്തിൻ്റെ വിഷയമായിരുന്നു എന്ന് പറഞ്ഞു. ഡെപ്പ് പണം ഉപേക്ഷിക്കും. അദ്ദേഹത്തിന് അതിൻറെ ആവശ്യമില്ല,” അഭിഭാഷകൻ കൂട്ടിച്ചേർത്തു.
“ഡെപ്പിന് തന്റെ പ്രതിച്ഛായ വീണ്ടെടുക്കേണ്ടി വന്നു. ഒന്നാലോചിച്ചു നോക്കൂ, ഒരു മനുഷ്യനെ ആറു വർഷത്തോളം സംശയത്തിന്റെ നിഴലിലാക്കി. അദ്ദേഹത്തെ സമൂഹത്തിന് മുന്നിൽ പീഡകനെന്ന് മുദ്രകുത്തി. അദ്ദേഹത്തിന്റെ കരിയർ നാശത്തിന്റെ വക്കിലായിരുന്നു. സത്യം തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അത് തെളിയിക്കപ്പെട്ടിരിക്കുന്നു. ഡെപ്പിനെ സംബന്ധിച്ചിടത്തോളം, പണം പ്രശ്നമല്ല, അഭിമാനം വലുതാണ്. അത് തിരിച്ചു കിട്ടി. എന്തുതന്നെയായാലും, നഷ്ടപ്പെട്ട സമയം അദ്ദേഹത്തിന് ഒരിക്കലും തിരികെ ലഭിക്കില്ല”, അഭിഭാഷകൻ പറഞ്ഞു.
മെയ് 31നാണ് ഡെപ്പിന്റെ ആറ് വർഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമ വിധി പുറത്തുവന്നത്. ആറാഴ്ചത്തെ സാക്ഷി വിസ്താരത്തിനും ക്രോസ് വിസ്താരത്തിനും ശേഷം നാടകീയ സംഭവങ്ങൾക്കൊടുവിലാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്. ജോണി ഡെപ്പിന് 15 മില്യൺ ഡോളർ (80 കോടി രൂപ) നൽകാൻ അമേരിക്കയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതി ആംബറിനോട് ഉത്തരവിട്ടു.ഡെപ്പിനെതിരെ ആംബർ നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ കേസിൽ 2 മില്ല്യൻ ഡോളർ പിഴയടയ്ക്കണം.