Spread the love

ദോഹ: ഗ്രൂപ്പ് എച്ചിലെ പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഏറ്റവും ആവേശം നൽകിയ മത്സരങ്ങളിലൊന്നായിരുന്നു. ഇരുടീമുകളും കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവും നടന്ന മത്സരത്തിൽ പോർച്ചുഗൽ 3-2ന് വിജയിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ലോക റെക്കോർഡും സ്ഥാപിച്ചു. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.

എന്നാൽ മത്സരത്തിന് മുമ്പ് വികാരാധീനനായ ക്രിസ്റ്റ്യാനോയെ കായിക ലോകം കണ്ടു. ലോകകപ്പിൽ രാജ്യത്തിനായി വീണ്ടും ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുന്നതിനിടെയാണ് റൊണാൾഡോ വികാരാധീനനായത്.

തൻ്റെ അവസാന ലോകകപ്പിന് ഇറങ്ങിയ റൊണാൾഡോ മത്സരത്തിൽ ചരിത്ര ഗോളുമായാണ് മടങ്ങിയത്. ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം കൂടിയാണ് റൊണാൾഡോ.

By newsten