പന്നിയങ്കര: ഹോട്ടലാണെന്ന് കരുതി അബദ്ധത്തിൽ എ.സി.പിയെ വിളിച്ച് ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്‍. പന്നിയങ്കര സ്വദേശിയായ എ.എസ്.ഐ ബൽരാജാണ് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലിൽ ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബദ്ധം സംഭവിച്ചത്. ഹോട്ടലാണെന്ന് കരുതി ഫോൺ വിളിച്ച് മറുവശത്ത് നിന്ന് എന്താണ് വേണ്ടതെന്ന് കൂടെ കേട്ടപ്പോൾ എന്നാല്‍ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്നും പറഞ്ഞു. ഇത് ഫാറൂഖ് എ.സി.പി എ.എം സിദ്ദീഖിന്‍റെ നമ്പറാണെന്ന മറുപടി ലഭിച്ചതോടെ എ.എസ്.ഐ വിറച്ചു.
നമ്പർ മാറിയെന്ന് മനസിലായി മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ഭത്തെ വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്. എന്തായാലും അതൊരു തമാശയാണെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പ്രതികരിച്ചു. അസിസ്റ്റന്‍റ് കമ്മീഷണറാണെന്ന് കേട്ട് ഞെട്ടിയ ബൽരാജിനെ ആർക്കും തെറ്റ് പറ്റുമെന്ന് പറഞ്ഞ് സിദ്ദിഖ് ആശ്വസിപ്പിച്ചു.
എ.ആർ ക്യാമ്പിലെ ക്വിക്ക് റെസ്പോൺസ് ടീമിലെ എ.എസ്.ഐയാണ് ബൽരാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ അനുമതി തേടി ബൽരാജ് ഒരിക്കൽ അസിസ്റ്റന്‍റ് കമ്മീഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ എസിപി സിദ്ദീഖിന് അറിയാതെ കോള്‍ പോകുകയായിരുന്നു.