Category: National

‘ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തണം’; ശ്രീലങ്കൻ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന് സമ്പത്തിക സഹായം നൽകിയതിന് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാജ്യത്ത് പുതിയതായി 2,841 കോവിഡ് കേസുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 18,604 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.74 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു; ആന്ധ്രയിൽ ജനജീവിതം താറുമാറായി

ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ അനുഭവപ്പെട്ട അസാനി ചുഴലിക്കാറ്റ് ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ ന്യൂനമർദ്ദമായി മാറിയിരിക്കുന്നു. ആന്ധ്രയിൽ കനത്ത മഴയിൽ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അവിടെ ജനജീവിതം താറുമാറായിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് പട്ടിണിയാകുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്ത് ഭക്ഷ്യോത്പാദനം കുറയുമെന്നും പട്ടിണിയാകുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്. 2030 ഓടെ ഭക്ഷ്യോത്പാദനം 16% കുറയാൻ സാധ്യതയുണ്ട്, ഇത് പട്ടിണിയാകുന്നവരുടെ എണ്ണത്തിൽ 23% വർദ്ധനവിന് കാരണമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; ജമ്മു കാശ്മീരിൽ പ്രതിക്ഷേധം കടുക്കുന്നു

കശ്മീരി പണ്ഡിറ്റ് യുവാവ് കശ്മീരിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ കശ്മീരിൽ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടത്തി. സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു

ബാഡ്മിൻ്റൺ പുരുഷ ചാംപ്യൻഷിപ്പായ തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ എച്ച്.എസ് പ്രണോയ് ഉൾപ്പെട്ട ടീം മലേഷ്യയെ 3-2ന് തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ പ്രണോയ് ഇന്ത്യക്കായി നിർണായക വിജയം നേടി.

പ്രകാശ് രാജ് കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവുമായി നടൻ പ്രകാശ് രാജ് കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച്ച. തെലങ്കാനയിൽ പ്രകാശ് രാജിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നീറ്റ് പരീക്ഷ മാറ്റി വയ്ക്കണം; ഹർജി തള്ളി സുപ്രീം കോടതി

മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തളളി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമായിരുന്നു മെഡിക്കൽ സ്‌റ്റുഡൻസ് അസോസിയേഷന്റെ ആവശ്യം.

ലിതാരയുടെ മരണം; റീ പോസ്റ്റ്‌മോർട്ടം നടത്തിയേക്കും

ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം കെ സി ലിതാരയുടെ മരണത്തിലെ ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം നടത്തിയേക്കും. പോസ്റ്റുമോർട്ടത്തിൽ അട്ടിമറി നടന്നുവെന്നാണ് ലിതാരയുടെ കുടുംബം ആരോപിക്കുന്നത്. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ പരിശീലകൻ രവി സിംഗ് അവിടെ ഉണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്.

കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിന് ഇന്ന് ആരംഭം

കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിന് ഇന്ന് തുടക്കം. 400 ലധികം നേതാക്കൾ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തിൽ സംഘടനാ ചുമതലകൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. യൂത്ത് പാർട്ടി എന്ന പുതിയ ബ്രാൻഡിലേക്ക് മാറുന്നതിലേക്ക് ചർച്ചകൾ നീങ്ങുമെന്നാണ് സൂചന.