Category: General News

വയനാട്ടിൽ വിനോദ സഞ്ചാരികൾക്കു ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ

വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾക്കു ഭക്ഷവിഷബാധയേറ്റു. കൽപറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാസ്ടാഗ് സംവിധാനം സര്‍ക്കാര്‍ ഒഴിവാക്കുന്നു

ഇന്ത്യയില്‍ ടോള്‍ പിരിക്കാന്‍ നടപ്പാക്കിയിരുന്ന ഫാസ്ടാഗ് സംവിധാനവും സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനു പകരം സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനമാണു സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

അനധികൃത ക്വാറികള്‍ കണ്ടെത്താന്‍ ഉപഗ്രഹ സര്‍വേയുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ അനധികൃത ക്വാറികളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ സാറ്റലൈറ്റ് സർവേ ആരംഭിച്ചു. അംഗീകൃത ക്വാറികൾ പരിധിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിൽ ഖനനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഉപഗ്രഹ സർവേയുടെ ലക്ഷ്യം.കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിനെ ഇതിനായി ചുമതലപ്പെടുത്തി.

‘അമ്മയിലെ സ്ത്രീകള്‍ പാവകളല്ല’; മണിയന്‍പിള്ള രാജുവിനെതിരെ ബാബുരാജ്

‘സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ, അവിടെ പോയി പരാതി പറയട്ടെ’ എന്ന അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ബാബുരാജ്. അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന്ന് സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘സഹതാപം കൊണ്ട് തൃക്കാക്കര ജയിക്കില്ല’

സഹതാപതരംഗം കൊണ്ട് മാത്രം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഡൊമിനിക് പ്രസന്റേഷന്‍. സമവായങ്ങള്‍ നോക്കിയാകണം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത്. കെ.വി. തോമസിനെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കണമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

‘ദൈവകൃപയ്ക്കു നന്ദി’; സന്തോഷ് ട്രോഫിയുമായി പള്ളിയിലെത്തി ബിനോ ജോർജ്

കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ കോച്ച് എത്തിയത്.

ചെറിയ പെരുന്നാളാശംസകൾ നേർന്ന് പി.സി.ജോർജ്; കമന്റ് ബോക്സിൽ രൂക്ഷവിമർശനം

വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി.സി ജോർജ്. പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളാണ് കമന്റുകളായി വന്നത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജിനെ ഒരു വിഭാഗം വിമർശിക്കുന്നത്.

ബുധനാഴ്ചത്തെ ബദല്‍ സംവാദത്തില്‍ കെ-റെയില്‍ എം.ഡി പങ്കെടുക്കില്ല

സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ ബദൽ ചർച്ചയിൽ കെ.റെയിൽ എം.ഡി അജിത് കുമാർ പങ്കെടുക്കില്ല. സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാൽ എം.ഡി പങ്കെടുക്കില്ലെന്ന് അറിയിച്ചു. പദ്ധതിയെ അനുകൂലിക്കുന്നവരുടെ ഭാഗത്താണ് അജിത് കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകൾ വീണ്ടും എത്തിയതായി സൂചന. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഐഎം നുണകള്‍ തിരിച്ചറിയുക എന്നീ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയെ ബുധനാഴ്ച അറിയാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിഷയത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയായി, അന്തരിച്ച മുൻ എം.എൽ.എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് പാർട്ടിയിൽ ഉയർന്നു കേൾക്കുന്നത്.