Category: General News

കേരളത്തിൽ തക്കാളി പനി പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ തക്കാളിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘തട്ടിപ്പുകേസുകളില്‍ വഞ്ചിതരായവര്‍ക്ക് പണം തിരിച്ച് കിട്ടുന്നതിന് മുന്‍ഗണന നൽകണം’

സാമ്പത്തിക തട്ടിപ്പ് കേസുകളിൽ വഞ്ചിക്കപ്പെട്ടവർക്ക് പണം തിരികെ നൽകുക എന്നതാണ് അന്വേഷണ ഏജൻസികളുടെ മുൻഗണനയെന്ന് സുപ്രീം കോടതി. തട്ടിപ്പുകാരെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നതിനല്ല ഊന്നൽ നൽകേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

‘മുഖ്യമന്ത്രി വികസന നായകൻ’; കെ.വി.തോമസ് എൽഡിഎഫ് വേദിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ വികസന നായകനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്. പ്രതിസന്ധികളെ അഭിമുഖീകരിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പിണറായിക്ക് കഴിയും. ഉമ്മൻചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട വികസനമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മറുപടിയുമായി മുഖ്യമന്ത്രി

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജോ ജോസഫ് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജോ ജോസഫിലൂടെ 100 സീറ്റുകളിലേക്കെത്താൻ എൽഡിഎഫിന് കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എയര്‍ ഇന്ത്യ എംഡിയും സിഇഒയുമായി കാംപ്ബെല്‍ വില്‍സണ്‍

എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കാംപ്ബെല്‍ വില്‍സണിനെ ടാറ്റ സൺസ് നിയമിച്ചു. ഏവിയേഷൻ മേഖലയിൽ 26 വർഷത്തിലധികം പരിചയമുള്ള കാംപ്ബെല്‍ സിംഗപ്പൂർ എയർലൈൻസിൻറെ സബ്സിഡിയറിയായ സ്കൂട്ടിൻറെ സ്ഥാപക സിഇഒ ആണ്.

ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകനായി ബ്രെൻഡൻ മക്കല്ലം

മുൻ ന്യൂസീലൻഡ് താരം ബ്രെൻഡൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മക്കല്ലത്തിൻ്റെ കാലാവധി 4 വർഷമാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനായ മക്കല്ലം സീസണിൻ്റെ അവസാനത്തോടെ സ്ഥാനമൊഴിയും.

‘ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി ഉണ്ടാകില്ല’; കെ.എൻ.ബാലഗോപാൽ

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അടുത്ത മാസത്തെ ശമ്പളത്തിൻറെ 10% തടഞ്ഞുവയ്ക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ആശങ്ക സൃഷ്ടിക്കാനുള്ള നുണപ്രചാരണമാണിതെന്നും മന്ത്രി പറഞ്ഞു.

രാജ്യദ്രോഹം; കേരളത്തിലാകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 41 കേസുകൾ

കേരളത്തിൽ മാത്രം നിലവിൽ 41 രാജ്യദ്രോഹ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇതിൽ 40ഓളം കേസുകളിൽ മറ്റ് വകുപ്പുകൾക്ക് ഒപ്പമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ളത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ രാജ്യദ്രോഹക്കുറ്റങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂണിഫോം ഇളവ്, ക്ലാസ് രാവിലെ ഏഴ് മുതൽ; മാര്‍ഗരേഖയുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിൻറെ പല ഭാഗങ്ങളിലും അനിയന്ത്രിതമായ ഉഷ്ണതരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യൂണിഫോമിൽ ഇളവ് വരുത്താനും ക്ലാസ് സമയം രാവിലെ 7 മുതലാക്കാനും നിർദ്ദേശമുണ്ട്. കുടിവെള്ളം, ഉച്ചഭക്ഷണ സൗകര്യങ്ങൾ എന്നിവ അധികൃതർ ഉറപ്പാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

തൃക്കാക്കരയിൽ എട്ടു സ്ഥാനാർഥികൾ; 10 നാമനിർദേശപത്രികകൾ തള്ളി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. 18 നാമനിർദ്ദേശ പത്രികകളിൽ 10 എണ്ണം നിരസിച്ചു.