Category: General News

സ്ഥാനാർഥികളുടെ സ്വത്തുവിവരം പുറത്ത്; ജോ ജോസഫിന് 2 കോടിയുടെ ആസ്തി

തൃക്കാക്കരയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സ്വത്തുക്കളുടെ വിശദാംശങ്ങൾ പുറത്ത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് 2.19 കോടി രൂപയുടെയും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് 70 ലക്ഷം രൂപയുടെയും എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് 95 ലക്ഷം രൂപയുടെയും ആസ്ഥിയുണ്ട്.

കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തൃക്കാക്കര എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഈ നടപടി. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് സുധാകരൻ അറിയിച്ചു.

സേവന നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സർവ്വേയുമായി കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബി. സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായം തേടി കെ.എസ്.ഇ.ബി ലിമിറ്റഡ് ഓൺലൈൻ സർവേ ആരംഭിച്ചു. ഉപഭോക്തൃ സേവന വെബ്സൈറ്റ് വഴിയാണ് സർവേ നടത്തുന്നത്. രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് സൈറ്റിൽ പ്രവേശിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കഴിയും.

കൊൽക്കത്ത പൊലീസിന് രാത്രി തോക്ക് കരുതാൻ നിർദ്ദേശം

നിർബന്ധമായും തോക്കുകൾ കൈവശം വയ്ക്കാൻ കൊൽക്കത്ത ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശങ്ങൾ നൽകിയത്. ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ആസ്ഥാനമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊലീസിൻറെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.

സ്റ്റേഡിയത്തിൽ കറണ്ടില്ല! റിവ്യൂ എടുക്കാനാവാതെ ചെന്നൈ ബാറ്റർമാർ

സ്റ്റേഡിയത്തിൽ വൈദ്യുതിയില്ലാത്തതിനാൽ ഡിആർഎസ് എടുക്കാൻ കഴിയാതെ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റ്സ്മാൻമാർ. നാലാം നമ്പറിൽ ഇറങ്ങിയ റോബിൻ ഉത്തപ്പയ്ക്കും ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഡെവോൺ കോൺവേയ്ക്കുമാണ് റിവ്യൂ എടുക്കാനാവാത്തത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

‘യുഡിഎഫിന് നൂറ് ശതമാനം ഉറപ്പ്’; ഉമാ തോമസ്

വരാനിരിക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻറെ വിജയസാധ്യത ഉറപ്പിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. യു.ഡി.എഫിന് 100 ശതമാനം വിജയം കൈവരിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു.

പാക്ക് ഏജന്റിന് രഹസ്യവിവരങ്ങൾ ചോർത്തി; ഐഎഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യവും തന്ത്രപരവുമായ വിവരങ്ങൾ പാകിസ്താൻ ആസ്ഥാനമായുള്ള രഹസ്യ ഏജൻറിന് ചോർത്തി നൽകിയ സംഭവത്തിൽ ഡൽഹി വ്യോമസേനാ ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കമ്പ്യൂട്ടറുകളിൽ നിന്നും മറ്റ് ഫയലുകളിൽ നിന്നുമുള്ള വിവരങ്ങളും രേഖകളും വാട്ട്സ്ആപ്പ് വഴിയാണ് അയച്ചത്.

ഗുരുവായൂരപ്പൻ്റെ ഥാർ വീണ്ടും ലേലം ചെയ്യും; ലേലം ജൂൺ 6ന്

ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി സമർപ്പിച്ച ഥാർ വീണ്ടും ലേലം ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജൂൺ ആറിനാണ് ലേലം നടക്കുക. ലേല തീയതിയും വിശദാംശങ്ങളും പത്രത്തിൽ പരസ്യപ്പെടുത്തും.

ലിതാരയുടെ മരണം; കോച്ചിനെ സസ്പെൻഡ് ചെയ്തു

ബാസ്ക്കറ്റ്ബോൾ താരം കെ.സി ലിതാര ആത്മഹത്യ ചെയ്ത സംഭവത്തിൽ പരിശീലകൻ രവി സിങ്ങിനെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ ബീരേന്ദ്ര കുമാർ അറിയിച്ചു. എന്നാൽ സസ്പെൻഷൻ ഉത്തരവിൽ ലിതാരയുടെ ആത്മഹത്യയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

അംഗപരിമിതനെ മർദിച്ച സംഭവം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ ബാലരാമപുരം എസ്.ഐക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഭിന്നശേഷിക്കാരനും രോഗിയുമായ വ്യക്തിയെ എസ്.ഐ ജീപ്പിലേക്ക് തള്ളിയിട്ട് തലയ്ക്ക് പരിക്കേറ്റെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻറെ നടപടി.