Category: General News

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടരുന്നു; ചുറ്റും കനത്ത സുരക്ഷ

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിൽ സർവേ രണ്ടാം ദിവസവും തുടരുന്നു. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതിയാണ് പള്ളിയിൽ സർവേ നടത്തുന്നത്. പള്ളിക്ക് ചുറ്റും കനത്ത സുരക്ഷയിലാണ് സർവേ നടത്തുന്നത്.

തൃക്കാക്കരയിൽ ട്വൻറി-20യിൽ നിന്ന് വോട്ട് തേടി എൽ.ഡി.എഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വൻറി-20യിൽ നിന്ന് വോട്ട് തേടി എൽ.ഡി.എഫ്. എല്ലാ കക്ഷിളുടേയും വോട്ട് വേണമെന്നും സ്വാഭാവികമായും ട്വന്റി ട്വന്റി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

സംസ്ഥാനത്ത് മിന്നല്‍ പ്രളയമുണ്ടാക്കുന്ന മേഘവിസ്ഫോടനം നടന്നേക്കാമെന്ന് പഠനം

ഈ വർഷം സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് പഠനം. കൊച്ചി കുസാറ്റിലെ ശാസ്ത്രസംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു. കുസാറ്റ് കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

“ജയിലുകളിലെ വിഐപി സംസ്കാരം അവസാനിപ്പിക്കും”

സംസ്ഥാനത്തെ ജയിലുകളിലെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ.ജയിലുകൾ യഥാർത്ഥ അർത്ഥമുള്ള തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മാൻ പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് മാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് അധികാരമേൽക്കും

ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് രാവിലെ 11.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേൽപ്പിക്കുകയാണെന്ന് എംഎൽഎമാർ ആരോപിച്ചു.

കണ്ണൂരില്‍ ഇൻഡിഗോ വിമാനം റണ്‍വേയില്‍ ഇറങ്ങിയശേഷം വീണ്ടും പറന്നുയര്‍ന്നു

ചെന്നൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്ത് വീണ്ടും പറന്നു. വലിയ ശബ്ദവും കുലുക്കവും കാരണം യാത്രക്കാർ പരിഭ്രാന്തരായി. വിമാനം ലാൻഡ് ചെയ്യുന്നതിൽ ‘അണ്‍സ്റ്റെബിലൈസ്ഡ് അപ്രോച്ച്’ എന്ന പ്രശ്നം ഉണ്ടായെന്ന് കിയാൽ അധികൃതർ പറഞ്ഞു.

ആംആദ്മി ട്വന്റി ട്വന്റി സഖ്യപ്രഖ്യാപനം ഇന്നുണ്ടായേക്കും

കേരളത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ആരായാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയിലെത്തി. ആം ആദ്മി പാർട്ടിയും ട്വൻറി 20യും ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. അരവിന്ദ് കെജ്രിവാളും സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷം; രാജസ്ഥാനിലെ 4 ജില്ലകളിൽ റെഡ് അലേർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അതിരൂക്ഷം. രാജസ്ഥാനിലെ നാല്ല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും പഞ്ചാബിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1951 ന് ശേഷം ഡൽഹി കണ്ട ഏറ്റവും ചൂടേറിയ വേനൽക്കാലമാണിത്.

വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് വത്തിക്കാനിലാണ് ചടങ്ങ്. ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റാടിമലയിലും നെയ്യാറ്റിൻകരയിലെ പള്ളിയിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.

ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മെയ് 17ന്

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷനിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം മെയ് 17ന് നടക്കും. 20,808 വീടുകളുടെ താക്കോൽദാനമാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.