Category: Breaking News

മുല്ലപ്പെരിയാർ; അഞ്ചംഗ സമിതി രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദർശനമിന്ന്

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി അഞ്ചംഗ സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അലക്സ് വർഗീസ്, ആർ സുബ്രഹ്മണ്യൻ എന്നിവരെയാണ് പുതുതായി സമിതിയിൽ ഉൾപ്പെടുത്തിയത്.

‘ബിഹാറിൽ വികസനമില്ല’; പ്രശാന്ത് കിഷോറിനെതിരെ തേജസ്വി യാദവ്

ബിഹാറിൽ 30 വർഷമായി വികസനം നടന്നിട്ടില്ലെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ അവകാശവാദത്തിൽ വിമർശനവുമായി രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകിയുള്ള വാർത്താസമ്മേളനത്തിലാണ് ഈ പരാമർശം നടത്തിയത്.

ബോംബ് ഭീഷണി; സെക്രട്ടേറിയറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. രാത്രി 11.30 ഓടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തിരച്ചിൽ ആരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഭീഷണിയ്ക്ക് പിന്നിലെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഒഡീഷയിൽ 64 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. ഒഡീഷയിലെ റായഗഡ ജില്ലയിൽ 64 വിദ്യാർത്ഥികൾക്കാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഒഡീഷയിൽ ഞായറാഴ്ച 71 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

പാചകവാതക വില വർധനവിൽ ശോഭ സുരേന്ദ്രനെ പരിഹസിച്ച് ആര്യ രാജേന്ദ്രൻ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പരിഹസിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ദിനംപ്രതി കുതിച്ചുയരുന്ന പാചകവാതക വിലയെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ പഴയ വീഡിയോ പങ്കുവച്ചായിരുന്നു ആര്യ രാജേന്ദ്രന്റെ പരിഹാസം.

‘ഞങ്ങൾക്ക് അഴിമതി അറിയില്ല, സ്‌കൂളുകളും ആശുപത്രികളും പണിയാൻ അറിയാം’

തങ്ങൾക്ക് മോഷ്ടിക്കാനോ അഴിമതി നടത്താനോ, കലാപം ഉണ്ടാക്കാനോ, ഗുണ്ടായിസം ചെയ്യാനോ അറിയില്ലെന്നും സ്കൂളുകളും ആശുപത്രികളും നിർമിക്കാനാണ് അറിയുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

3 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം

കൊണ്ടോട്ടിയിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഇത്തവണ മത്സരിക്കില്ല

വരാനിരിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ട്വൻറി 20 മത്സരിക്കില്ല. മത്സരിക്കാനില്ലെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി 20യും മത്സരത്തിൽ നിന്ന് പിൻമാറിയത്. ആം ആദ്മി പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

തൃശൂര്‍ പൂരത്തിൽ നിന്നും ആസാദി കുട ഒഴിവാക്കാൻ തീരുമാനം

വിവാദങ്ങൾക്കിടെ തൃശൂർ പൂരത്തിലെ ആസാദി കുട നീക്കം ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പം വി ഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സുരേഷ് ഗോപി എം.പിയായിരുന്നു ആസാദി കുട പുറത്തിറക്കിയത്.

അസനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത അസനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്ധ്രാ, ഒഡിഷാ, ബം​ഗാൾ തീരങ്ങളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.