Category: Breaking News

രാജ്യദ്രോഹക്കുറ്റം; ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനം

രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിലെ ചില വകുപ്പുകൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടൺ വില വർദ്ധിക്കുന്നു; അടിവസ്ത്രങ്ങളുടെ വില ഉയരും

രാജ്യത്തെ ഭൂരിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ദിനംപ്രതി ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനെല്ലാം പുറമേ, ഒരു കനത്ത പ്രഹരം പോലെ, അടിവസ്ത്രങ്ങളുടെ വില ഇപ്പോൾ ഉയരുകയാണ്. പരുത്തിയുടെ വില വർദ്ധിച്ചതാണ് അടിവസ്ത്രങ്ങളുടെ വില വർദ്ധനവിന് കാരണം.

“തൃക്കാക്കരയില്‍ താരം ക്രൈസ്തവ സഭ; ശക്തമായ ത്രികോണ മത്സരം”

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ താരം ക്രിസ്ത്യൻ സഭയാണെന്ന് വെള്ളാപ്പള്ളി നടേശൻ. അവിടെ സഭ തിളങ്ങുന്നുണ്ടെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ശക്തമായ ത്രികോണ മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നത്.

“ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്”

നമ്മുടെ ഭക്ഷണമല്ലാത്തതിനാൽ ഷവർമ കഴിക്കരുതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കേരളത്തിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ അഭ്യർത്ഥന. കേരളത്തിലും തമിഴ്നാട്ടിലും ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ കർശന പരിശോധനയും പുരോഗമിക്കുകയാണ്.

കർണാടകയിൽ ഒരുങ്ങുന്നത് 1000 ഇ.വി ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍

കർണാടകയിൽ രണ്ട് മാസത്തിനുള്ളിൽ 1,000 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ദേശീയ, സംസ്ഥാന പാതകൾ, ചെറിയ പട്ടണങ്ങൾ എന്നിവിടങ്ങളിൽ പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി ഇതിനായി ഉപയോഗിക്കും.

യുക്രെയ്നിലെ സൈനിക നടപടി അനിവാര്യമെന്ന് പുട്ടിൻ

ഡോൺബാസും ക്രൈമിയയും ഉൾപ്പെടെയുള്ള റഷ്യൻ പ്രദേശങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് പാശ്ചാത്യ ശക്തികളെ പ്രതിരോധിക്കുക മാത്രമാണ് റഷ്യ ചെയ്യുന്നതെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ. ഉക്രെയ്നിലെ ‘സൈനിക നടപടി’ നാസികൾക്കെതിരായ പോരാട്ടമാണ്. മോസ്കോയിൽ നടന്ന വിജയദിന പ്രസംഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.

എം.ബി.എ പ്രവേശനപ്പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എം.ബി.എ പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികളുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ഫീസും ഉൾപ്പടെ 13ആം തീയതി 2 മണിക്ക് മുമ്പ്‌ തപാൽ വഴിയോ നേരിട്ടോ പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക്‌ നൽകണം.

ജഹാംഗീര്‍പുരിയിലെ പൊളിച്ചു നീക്കല്‍ ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് ഡല്‍ഹി കോര്‍പ്പറേഷന്‍

ജഹാംഗീർപുരിയിലെ പൊളിക്കൽ ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്ന് നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 20നും മുമ്പും നടന്ന കുടിയൊഴിപ്പിക്കലിൽ അനധികൃത കെട്ടിടങ്ങൾ മാത്രമാണ് പൊളിച്ചതെന്നും കോർപ്പറേഷൻ പറയുന്നു.

ഷഹീന്‍ബാഗ്; കയ്യേറ്റങ്ങൾ നിയമവിരുദ്ധമാണെങ്കിൽ നീക്കം ചെയ്യാമെന്ന് സുപ്രീം കോടതി

ഷഹീൻബാഗിലെ കയ്യേറ്റങ്ങൾ നിയമവിരുദ്ധമാണെങ്കിൽ നീക്കം ചെയ്യാമെന്ന് സുപ്രീം കോടതി. ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും നേരിട്ട് സുപ്രീംകോടതിയിൽ വരരുതെന്നും കോടതി പറഞ്ഞു. എല്ലാ കുടിയൊഴിപ്പിക്കലുകളും തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുടിയൊഴിപ്പിക്കലിനെതിരെ സി.പി.എം നൽകിയ ഹർജിയിലാണ് ഈ പരാമർശം.

ജനകീയ പ്രക്ഷോഭം; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്സെ രാജിവച്ചത്. ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു.