Category: Breaking News

ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ ആവശ്യം

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ മുൻ ഡി.ജി.പി സിബി മാത്യൂസിന് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ. മുൻകൂർ ജാമ്യത്തിനുള്ള സമയപരിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ സിബി മാത്യൂസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐയുടെ നിലപാട്.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർ‌ട്ട്

കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ് തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും.

സിൽവർലൈൻ കല്ലിടൽ നിർത്തി സർക്കാർ; സർവേ ഇനി ജിപിഎസ് വഴി നടത്തും

സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി അതിർത്തി നിർണയിക്കാൻ കല്ലിടുന്നത് നിർത്താൻ സർക്കാർ തീരുമാനം. സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കല്ലിടൽ വിവാദമായ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

വേഗ യാത്രക്ക് ബദല്‍ നിർദേശവുമായി ഇ ശ്രീധരന്‍

സിൽവർ ലൈൻ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും ശക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാനത്ത് നിലവിലുള്ള റെയിൽവേ ലൈൻ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിച്ചാലും സിൽവർ ലൈനിന് ബദലായി വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അസമിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ട്രെയിൻ യാത്രക്കാരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് അസമിൽ ട്രെയിനിൽ കുടുങ്ങിയ 119 യാത്രക്കാരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി. സിൽചാർ-ഗുവാഹത്തി എക്സ്പ്രസിലെ യാത്രക്കാരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. മഴയെത്തുടർന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ കഴിയാത്തതിനാൽ ട്രെയിൻ ചാച്ചൽ പ്രദേശത്ത് കുടുങ്ങുകയായിരുന്നു.

പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുൻ എം.എൽ.എ പി.സി.ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഒരു വിഭാഗം ആളുകൾക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

കെ സ്വിഫ്റ്റ് പദ്ധതി വൻ വിജയമെന്ന് ഗതാഗതമന്ത്രി

സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ-സ്വിഫ്റ്റ് പദ്ധതി വൻ വിജയമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ദീർഘദൂര സംസ്ഥാന, അന്തർസംസ്ഥാന യാത്രകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വരുമാനം 3 കോടിയിലധികം രൂപയിലെത്തിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

മണ്ണാർക്കാട് ഇരട്ടകെ‍ാലക്കേസ്; 25 പേർക്ക് ജീവപര്യന്തം

മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിലെ 25 പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാലാം പ്രതിയായ ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചിരുന്നു. പ്രതികളിൽ ഒരാൾ കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായ ആളായിരുന്നില്ല.

ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില വീണ്ടും വർദ്ധിപ്പിച്ചു

ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില വീണ്ടും വർദ്ധിപ്പിച്ചു. 5 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ ഡൽഹിയിലെ എടിഎഫിന് കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയ്ലർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

‘ആം ആദ്മി–ട്വന്‍റി 20 സഖ്യം മുന്നോട്ടുവയ്ക്കുന്നത് ഇടത് നിലപാട്’

തൃക്കാക്കരയിൽ ആം ആദ്മി-ട്വന്‍റി 20 സഖ്യത്തിൻ്റെ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമ സഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റെതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു.