ചില മദ്യങ്ങൾക്ക് അന്യായ വിലയാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചില വൈൻ, ഷാംപെയ്ൻ, വിസ്കി, സ്കോച്ച് മുതലായവ വിലകൊണ്ട് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അത്തരം ഒരു ബിയർ ഉണ്ട്.
ഈ ബിയറിന്റെ പേര് ‘ഓൾസോപ്പ്സ് ആർട്ടിക് അലെ’ എന്നാണ്. 140 വർഷമാണ് പഴക്കം. ഇതൊരു സാധാരണ ബിയറല്ല. ഇതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ധാരാളം ഗുണങ്ങളുമുണ്ട്. എന്നാൽ, ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ ബിയറായി മാറാനുള്ള കാരണം അതല്ല.
ആന്റിക്സ് ട്രേഡിന്റെ റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും വിലയേറിയ ഈ ബിയറിന്റെ കഥ ആരംഭിക്കുന്നത് ഇബേയിൽ നിന്നാണ്. 2007-ൽ ഒരു ഒക്ലഹോമ ബയർ 304 ഡോളറിന് ഓൾസോപ്പ്സ് ആർട്ടിക് അലെയുടെ ഒരു കുപ്പി കൈക്കലാക്കി.
റിപ്പോർട്ട് അനുസരിച്ച് പെർസി ജി. ബോൾസ്റ്റർ ഒപ്പ് വച്ച ഒരു കുറിപ്പ് ഈ ബിയറിനൊപ്പം ഉണ്ടായിരുന്നു. അതിൽ പറയുന്നത് ഈ ബോട്ടിൽ 1919 -ലാണ് തനിക്ക് ലഭിച്ചത് എന്നാണ്. ബിയർ ‘1852-ൽ ഒരു സോളാർ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ്’ എന്നും കുറിപ്പിൽ പരാമർശിക്കുന്നു. എറെബസ്, ടെറർ എന്നീ കപ്പലുകളെയും അതിലെ ജോലിക്കാരെയും കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് ഈ ബിയർ കുപ്പി കണ്ടെത്തിയത്.