ബോയിംഗിൻറെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് പറന്നുയർന്ന ശേഷം സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്തു. ബുധനാഴ്ചയാണ് പേടകം ന്യൂ മെക്സിക്കോയിൽ ഇറങ്ങിയത്. ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന ബഹിരാകാശ പേടകത്തിൻറെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും മൂന്നാമത്തെ വിക്ഷേപണം സമ്പൂർണ്ണ വിജയമായിരുന്നു.
മെയ് 19ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരക്കുമായി സിഎസ്ടി -100 സ്റ്റാർലൈനർ ബഹിരാകാശ പേടകം വിക്ഷേപിച്ചു. ബോയിംഗും ലോക്ക്ഹീഡ് മാർട്ടിനും തമ്മിലുള്ള സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയൻസിൻറെ അറ്റ്ലസ് വി റോക്കറ്റിലാണ് വിക്ഷേപണം നടന്നത്.
ഒരാഴ്ച നീണ്ട ദൗത്യത്തിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിലെ മരുഭൂമിയിൽ ബുധനാഴ്ചയാണ് ബഹിരാകാശ പേടകം പാരച്യൂട്ടിൽ ഇറങ്ങിയത്.