നരേന്ദ്ര മോദി സർക്കാരിൻറെ എട്ടാം വാർഷികം ഗംഭീരമായി ആഘോഷിക്കുകയും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയും ചെയ്യുകയാണ് ബിജെപി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട 144 മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.
ഇതിൻറെ ഭാഗമായി ഈ മണ്ഡലങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ നേരിട്ട് അയയ്ക്കാനും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയാനും തീരുമാനിച്ചു. ഇതിന് പുറമെ പ്രമുഖ ബി.ജെ.പി നേതാക്കളും മണ്ഡലങ്ങളിലെത്തും. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമതോ മൂന്നാമതോ എത്തിയ മണ്ഡലങ്ങളിൽ മന്ത്രിമാർ നേരിട്ടുണ്ടാകും.
മോദി സർക്കാരിൻറെ എട്ടാം വാർഷികാഘോഷത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഒരു ചുവട് വയ്ക്കാൻ ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ ഉന്നത നേതാക്കളുടെ ഏകദിന യോഗത്തിൽ തീരുമാനമായി. ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, സ്മൃതി ഇറാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എട്ടാം വാർഷികം മെയ് 30 മുതൽ ജൂൺ 15 വരെ പാവപ്പെട്ടവരുടെ സേവനം, സദ്ഭരണം, ക്ഷേമം എന്നിവ കണക്കിലെടുത്ത് ആഘോഷിക്കും. അതേസമയം, 144 മണ്ഡലങ്ങളിലെ പര്യടനത്തിൻറെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.