മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫ് സംവിധായകനെന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയം കൈവരിച്ചു. ഒരു അഭിനേതാവ് എന്ന നിലയിലും ബേസിലിന് ഇപ്പോൾ മലയാള സിനിമയിൽ മൂല്യം ഏറുകയാണ്. അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ച മൂന്ന് ചിത്രങ്ങൾ തുടർച്ചയായി വിജയ പട്ടികയിൽ ഇടം നേടിയതോടെയാണിത്. ജാനേമൻ , പൽതു ജാൻവർ , ജയ ജയ ജയ ജയ ഹേ എന്നിവയാണ് ചിത്രങ്ങൾ . ഇപ്പോഴിതാ ബേസിൽ നായകനാകുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാകും ബേസിലിനെ ചിത്രത്തിൽ കാണാൻ കഴിയുകയെന്ന് ചിത്രത്തിന്റെ സംവിധായകൻ പറയുന്നു. പുഴു, ഉണ്ട തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സോബിൻ സോമൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, മു.രി, ഷറഫു എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. പ്രൊജക്ട് ഡിസൈനർ ടെസ് ബിജോയ്, കലാസംവിധാനം ബനിത്ത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി. രാജ് എന്നിവരാണ്.