ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. വിലക്ക് നീക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ മുൻ വൈസ് ക്യാപ്റ്റനാണ് വാർണർ.
2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നാണ് വാർണറിന് ഓസ്ട്രേലിയയിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലെ ക്ലബുകൾ വാർണറെ ക്യാപ്റ്റനാക്കാൻ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് വാർണറുടെ വിലക്ക് നീക്കുന്ന കാര്യം അധികൃതർ ആലോചിക്കുന്നത്.
ക്യാപ്റ്റൻസി വിലക്കിന് പുറമെ വാർണറെ ഒരു വർഷത്തേക്ക് കളിയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നാൽ 2019 ൽ ഓസ്ട്രേലിയൻ ടീമിലേക്ക് മടങ്ങിയെത്തിയതു മുതൽ വാർണർ മികച്ച ഫോമിലാണ്. ഓസ്ട്രേലിയയെ ടി20 ലോകകപ്പ് നേടാൻ സഹായിച്ചതിലും വാർണർ പ്രധാന പങ്കുവഹിച്ചു.