കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിൽ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന് നായകന് ബാബര്‍ അസമിന് റെക്കോര്‍ഡ്. ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബാബർ എത്തിയത്. തന്റെ 81-ാം ഇന്നിംഗ്സിലാണ് ബാബർ 3000 റൺസ് തികച്ചത്. 81 ഇന്നിംഗ്സുകളില്‍ ആണ് കോഹ്ലിയും 3000 റൺസ് തികച്ചത്.
ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിൽ കോഹ്ലിക്കൊപ്പം എത്താൻ ബാബറിന് 61 റൺസ് കൂടി വേണ്ടിയിരുന്നു. മുഹമ്മദ് റിസ്വാന്റെ അഭാവത്തിൽ വെറും 41 പന്തിൽ നിന്നാണ് ബാബർ അർധസെഞ്ചുറി തികച്ചത്. അർധസെഞ്ചുറിക്ക് ശേഷം ഗിയർ മാറ്റിയ ബാബർ റിച്ചാർഡ് ഗ്സീസനെ ഫോറിനും സിക്സിനും പറത്തിയാണ് കോഹ്ലിയുടെ റെക്കോർഡിന് ഒപ്പമെത്തിയത്.