അസമിലെ വെള്ളപ്പൊക്കത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. നാഗോണിലെ കാംപൂർ, കച്ചാർ ജില്ലയിലെ ഉദർബോണ്ട് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 17 ജില്ലകളിലായി 5.8 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെന്നാണ്.
കച്ചാർ, ദരംഗ്, ദിമാ, ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലക്കണ്ടി, ഹോജായി, ജോർഹട്ട്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റൻ, കർബി ആംഗ്ലോംഗ് വെസ്റ്റ്, കരിംഗഞ്ച്, ലഖിംപൂർ, മോറിഗാവ്, നഗരിയോണ് ജില്ലകളിലായി 5,80,100 ലധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാഗാവിൽ മാത്രം 3.46 ലക്ഷത്തിലധികം പേരാണ് ദുരിതമനുഭവിക്കുന്നത്. കച്ചാറിൽ 1.78 ലക്ഷവും മോറിഗാവിൽ 40,900 പേരും ദുരിതത്തിലാണ്. ശനിയാഴ്ച വരെ സംസ്ഥാനത്തെ 22 ജില്ലകളിലായി 6.5 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആറംഗ അന്തർ മന്ത്രിതല കേന്ദ്ര സംഘം മെയ് 27, 28 തീയതികളിൽ കച്ചാർ, ദിമ ഹസാവോ, ഡാരംഗ്, നാഗോണ്, ഹോജായി ജില്ലകൾ സന്ദർശിക്കുമെന്ന് എഎസ്ഡിഎംഎ അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനാണ് സന്ദർശനം. എ.എസ്.ഡി.എം.എയുടെ കണക്കുകൾ പ്രകാരം 1,374 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതുവരെ 64,098.92 ഹെക്ടർ കൃഷി നശിച്ചു. എ.എസ്.ഡി.എം.എയുടെ കണക്കനുസരിച്ച്, ബാർപേട്ട, ബിശ്വനാഥ്, ദുബ്രി, കരിംഗഞ്ച്, നൽബാരി, ശിവസാഗർ, സോനിത്പൂർ, ടിൻസുകിയ, ഉദൽഗുരി ജില്ലകളിൽ വലിയ തോതിൽ മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.