തിരുവനന്തപുരം: മലയാളത്തിന്‍റെ സംവിധായകൻ ബേസിൽ ജോസഫിന് അന്താരാഷ്ട്ര പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡുകളിൽ ബേസിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടൊവീനോ തോമസിനെ നായകനാക്കി എടുത്ത മിന്നൽ മുരളി എന്ന ചിത്രത്തിനാണ് ബേസിലിന് അംഗീകാരം ലഭിച്ചത്. മിന്നൽ മുരളിയും ബേസിലും 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
“2022 ലെ ഏഷ്യൻ അക്കാദമി അവാർഡുകളിൽ 16 രാജ്യങ്ങളിലെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. മലയാള സിനിമയുടെ ഭാഗമാകാനും ഈ പ്ലാറ്റ്‌ഫോമിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ ഞാൻ കൂടുതൽ അഭിമാനിക്കുന്നു”. ബേസിൽ തന്നെയാണ് ഈ അംഗീകാര വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഉണ്ട്.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രത്തിന് ഇന്ത്യയിലുടനീളം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇതിനകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ഈ ചിത്രം നാലാമത്തെ ഐഡബ്ല്യുഎം ഡിജിറ്റൽ അവാർഡുകളും നേടി. മികച്ച ഡിജിറ്റൽ ചിത്രത്തിനുള്ള അവാർഡും പ്രാദേശിക ഭാഷയിൽ മികച്ച വിഎഫ്എക്സ് അവാർഡും ഈ ചിത്രം നേടി. മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിനുള്ള നോമിനേഷൻ പട്ടികയിലും ഈ ചിത്രം ഇടം നേടി. സൈമ അവാർഡുകളിലും ചിത്രം തിളങ്ങി.