ദുബായ്: ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 11നാണ് ഏഷ്യാ കപ്പ് ഫൈനൽ നടക്കുക. ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഓഗസ്റ്റ് 28ന് ഇന്ത്യ പാകിസ്താനെ നേരിടും. ദുബായിലാണ് മത്സരം നടക്കുക.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഏഷ്യാ കപ്പിന്റെ ഭാഗമാകും. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മത്സരങ്ങൾ ശ്രീലങ്കയിൽ നിന്ന് യുഎഇയിലേക്ക് മാറ്റിയത്.
ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഏഷ്യാ കപ്പ് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. യോഗ്യതാ റൗണ്ടിൽ കളിക്കുന്ന ഒരു ടീമിനൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിൽ കളിക്കും.