ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം. മഴമൂലം നിർത്തിവെച്ച മത്സരത്തിൽ മലേഷ്യയെയാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തു. മത്സരം പുനരാരംഭിക്കാൻ കഴിയാതെ വന്നപ്പോൾ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 30 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
മസാ എലിസ (14), എൽസ ഹണ്ടർ (14) എന്നിവരാണ് മലേഷ്യയ്ക്കായി ഈ സമയം ക്രീസിൽ ഉണ്ടായിരുന്നത്. ക്യാപ്റ്റൻ വിനിഫ്രെഡ് ദുരൈസിംഗം(0), വാൻ ജൂലിയ(1) എന്നിവരുടെ വിക്കറ്റുകളാണ് മലേഷ്യയ്ക്ക് തുടക്കത്തിൽ നഷ്ടമായത്. ഇന്ത്യക്കായി ദീപ്തി ശർമയും രാജേശ്വരി ഗെയ്ക്വാദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ 20 ഓവറിൽ 181-4, മലേഷ്യ 5.2 ഓവറിൽ 16-2.