കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ, പുരുഷൻമാരുടെ ടി20യിൽ ഒരു സ്പിന്നർ നാല് ഓവർ ക്വാട്ട പൂർത്തിയാക്കിയപ്പോൾ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരമെന്ന റെക്കോർഡ് അശ്വിൻ സ്വന്തം പേരിലാക്കി. കാര്യവട്ടം ഗ്രീൻഫീൽഡിൽ നാല് ഓവറിൽ 8 റൺസ് മാത്രമാണ് അശ്വിൻ വഴങ്ങിയത്. മുമ്പ് 2016ല്‍ ശ്രീലങ്കയ്‌ക്ക് എതിരെയും സമാനമായി അശ്വിന്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്തിട്ടുണ്ട്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യിൽ വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്ന ഏക ഇന്ത്യൻ ബൗളറായിരുന്നു അശ്വിൻ. എന്നിരുന്നാലും, റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ച അശ്വിൻ ബാറ്റ്സ്മാൻമാരെ ശ്വാസം മുട്ടിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 20 ഓവറിൽ 106 റൺസിന് അവസാനിച്ചു. അർഷ്ദീപ് സിംഗ് മൂന്നും ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ ഒരാളെ പുറത്താക്കി.
കാര്യവട്ടം ടി20യിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം 20 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. കെഎൽ രാഹുലും സൂര്യകുമാർ യാദവും അർധസെഞ്ച്വറി നേടി. രാഹുൽ 56 പന്തിൽ 51 റൺസും സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസും നേടി പുറത്താകാതെ നിന്നു.