Spread the love

പാരിസ്: അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യത്തിന് സ്വർണ്ണ മെഡൽ. ലോകകപ്പ് മൂന്നാം ഘട്ടത്തിലെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഫൈനലിൽ ഫ്രഞ്ച് ജോഡികളായ ജീൻ ബോൾഷ്-സോഫി ഡോഡ്മോണ്ട് സഖ്യത്തെ 152-149 എന്ന സ്കോറിനാണ് ഇവർ പരാജയപ്പെടുത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണിത്.

തുടർന്ന് വ്യക്തിഗത വിഭാഗത്തിൽ ജ്യോതി വെള്ളി നേടി. ഷൂട്ടൗട്ടിൽ ജർമ്മനിയുടെ എല്ല ഗിബ്സണോട് ജ്യോതി കീഴടങ്ങി. ഇരുവരും 10 പോയിന്റ് നേടി, എന്നാൽ ടാർഗെറ്റ് ബോർഡിൽ മധ്യഭാഗത്തേക്ക് കൂടുതൽ അടുത്ത് ലക്ഷ്യം കണ്ടെത്തിയ താരമെന്ന നിലയിൽ എല്ല സ്വർണം നേടി.

ഡൽഹിയുടെ അഭിഷേകും ആന്ധ്രാപ്രദേശിന്റെ ജ്യോതിയും കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ വെള്ളി നേടിയിരുന്നു. ഇന്ന് ഇന്ത്യക്ക് ഒരു സ്വർണപ്രതീക്ഷ കൂടിയുണ്ട്. ഫൈനലിൽ ഇന്ത്യൻ വനിതാ റികർവ് ടീം ചൈനീസ് തായ്പേയിയെ നേരിടും.

By newsten