ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിൽ റഹ്മാൻ നിരവധി ഗാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. അവസാനമായി പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനാണ് എ.ആർ. റഹ്മാൻ സംഗീതം പകർന്നത്. ഈ അവസരത്തിൽ റീമിക്സുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
റീമിക്സ് സംസ്കാരം പാട്ടുകളെ വികൃതമാക്കുന്നുവെന്ന് എ ആർ റഹ്മാൻ പറഞ്ഞു. പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകൻ്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
“റീമിക്സിലൂടെ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകൻ്റെ ഉദ്ദേശ്യ ലക്ഷ്യം വികൃതമാവുകയാണ്. ആളുകൾ പറയുന്നു അത് പുനർവിഭാവനം ചെയ്യുന്നതാണെന്ന്. പുനർവിഭാവനം ചെയ്യാൻ നിങ്ങൾ ആരാണ് ? മറ്റൊരാൾ ചെയ്ത പാട്ടുകളെടുക്കുമ്പോൾ ഞാൻ വളരെ ജാഗ്രത പുലർത്താറുണ്ട്. വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാൻ. കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. അപ്പോൾ നിർമാതാക്കൾ പറഞ്ഞു, നിങ്ങൾ (മണി രത്നവും എ ആർ റഹ്‌മാനും) ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നുവെന്ന്. കാരണം, അത് ഡിജിറ്റൽ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകൾക്ക് ഇപ്പോഴും മേന്മയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നുമുണ്ട്”,റഹ്മാൻ പറഞ്ഞു.