പുതിയ സീസണിലേക്കുള്ള ഉംറ വിസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ ജൂലൈ 30 മുതൽ വീണ്ടും അനുവദിച്ച് തുടങ്ങും. ഹജ്ജ് സീസണിൽ ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ആണ് പിന്‍വലിക്കുന്നത്.
വിദേശ ഉംറ വിസയ്ക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര തീർത്ഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ മുഹറം ഒന്നു മുതല്‍ അഥവാ ജൂലൈ 30 മുതൽ വീണ്ടും അനുവദിക്കും. തവകൽന, ഇഅതമര്‍ന ആപ്പുകള്‍ വഴിയാണ് ഉംറ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നത്. 5 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഉംറ അനുവദിക്കൂ. ഹജ്ജ് തീർത്ഥാടകർക്ക് ഹറം പള്ളിയിലെ ചടങ്ങുകൾ സുഗമമായി നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് മറ്റുള്ളവർക്ക് ഉംറയ്ക്കുള്ള പെർമിറ്റ് നൽകുന്നത് നിർത്തിവച്ചത്.