ആപ്പിളിന്റെ ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്ത വ്യാവസായിക ഡിസൈനർ ജോണി ഐവ് എന്ന ജോനാതന് ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍. 2019ലാണ് അദ്ദേഹം ആപ്പിൾ വിട്ടത്. തുടർന്ന് സ്വന്തമായി ആരംഭിച്ച ‘ലവ്ഫ്രം’ എന്ന ഡിസൈൻ കമ്പനി ആപ്പിളുമായി 100 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. ആപ്പിൾ ആയിരുന്നു ലവ്ഫ്രമിന്റെ പ്രധാന ഉപഭോക്താവ്.
ആപ്പിളും ഐവും തമ്മിലുള്ള സഹകരണം അവസാനിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബന്ധത്തിന് വിരാമമാകും.
ആപ്പിളിന് വെല്ലുവിളി ഉയർത്തുന്ന മറ്റ് ജോലികൾ ചെയ്യുന്നതിൽ നിന്ന് ഇരു പാർട്ടികളും തമ്മിലുള്ള കരാര്‍ ഐവിനെ വിലക്കിയിരുന്നു. അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് പോലുള്ള ഭാവി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് ലവ് ഫ്രം ഡിസൈൻ കമ്പനിയെ അറിയിക്കുമെന്നും കരാർ ഉറപ്പാക്കി.