Spread the love

ആയുർവേദവും യോഗയും ഒരു പ്രത്യേക മതവുമായോ സമുദായവുമായോ മാത്രം ബന്ധപ്പെട്ടിരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മധ്യപ്രദേശിൽ ആരോഗ്യഭാരതി സംഘടിപ്പിച്ച ആരോഗ്യ മൻഥൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ആരോഗ്യഭാരതിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ആരോഗ്യഭാരതിയുടെ കൂട്ടായ പരിശ്രമങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.

ഓരോ വ്യക്തിയും ആരോഗ്യവാനാകുമ്പോൾ, കുടുംബങ്ങളും ആരോഗ്യവാനായിത്തീരും. “ഓരോ കുടുംബവും ആരോഗ്യവാൻമാരാകുമ്പോൾ, ഓരോ ഗ്രാമവും നഗരവും, അങ്ങനെ രാജ്യം മുഴുവൻ ആരോഗ്യകരമാകും,” അദ്ദേഹം പറഞ്ഞു. എല്ലാ ജനങ്ങൾക്കും താങ്ങാനാവുന്ന ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017 ൽ ദേശീയ ആരോഗ്യ നയം പ്രഖ്യാപിച്ചതെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ആ ലക്ഷ്യം കൈവരിക്കുന്നതിനു എല്ലാ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19 നെതിരായ പോരാട്ടത്തിൽ സഹായിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിച്ചു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളിയാഴ്ച മധ്യപ്രദേശിൽ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഗവർണർ മങ്കുഭായ് പട്ടേലും ചേർന്ന് സ്വീകരിച്ചു. ശനിയാഴ്ച രാവിലെ 154 കോടി രൂപ മുതൽമുടക്കിൽ 10 ആരോഗ്യ സ്ഥാപനങ്ങളുടെ ഭൂമി പൂജ രാഷ്ട്രപതി നിർവ്വഹിച്ചു. ആയുർവേദ മഹാസമ്മേളനത്തിനായി ഞായറാഴ്ച ഉജ്ജയിനിലേക്ക് പുറപ്പെട്ട കോവിന്ദ് അന്നേ ദിവസം ഡൽഹിയിലേക്ക് മടങ്ങും.

By newsten