തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഏകീകൃതമായി പ്രവർത്തിക്കാൻ തീരുമാനം. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാരുമായി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്കൂളുകൾ തുറക്കുന്നതും അടയ്ക്കുന്നതും, സുരക്ഷാ കാര്യങ്ങൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങൾ കേന്ദ്ര സിലബസ് സ്കൂളുകൾ പാലിക്കും. ആറുമാസത്തിലൊരിക്കൽ ഇരുപക്ഷത്തുനിന്നുമുള്ളവർ അവലോകനം നടത്തും.
കേന്ദ്ര സിലബസ് സ്കൂളുകളോട് സംസ്ഥാന സർക്കാർ ശത്രുതാപരമായാണ് പെരുമാറുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ഈ സ്കൂളുകളിൽ പഠിക്കുന്നവരും നമ്മുടെ കുട്ടികളാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി വിശദീകരിച്ചു. സ്കൂൾ മാനേജ്മെന്റുകളോട് സർക്കാർ ഉദാരമായ സമീപനവും സ്വീകരിക്കും. കേന്ദ്ര സിലബസ് സ്കൂളുകളുടെ അംഗീകാര സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഇന്ദിരാ രാജൻ വിശദീകരിച്ചു.