Spread the love

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 2.41 ദശലക്ഷം വരിക്കാർ പ്ലാറ്റ്ഫോമിലെത്തി. നെറ്റ്ഫ്ലിക്സിലെ മൊത്തം വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ നിന്നാണ് കൂടുതൽ വരിക്കാരെത്തിയത്. സ്ട്രേഞ്ചർ തിങ്സ് ഡാമർ-മോൺസ്റ്റർ എന്നിവയുൾപ്പെടെയുള്ള ഹിറ്റ് സീരീസുകൾ വരിക്കാരുടെ എണ്ണം ഉയർത്താൻ നെറ്റ്ഫ്ലിക്സിനെ സഹായിച്ചു.

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് നെറ്റ്ഫ്ലിക്സ് 1.4 ദശലക്ഷം വരിക്കാരെ നേടി. മേഖലയിലെ വരുമാനം 6.6 ശതമാനം ഉയർന്ന് 889 ദശലക്ഷം ഡോളറിലെത്തി. യുഎസ്എ-കാനഡ, യൂറോപ്പ് മേഖലകളിലാണ് നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ നെറ്റ്ഫ്ലിക്സിന്‍റെ മൊത്തം വരുമാനം 7.93 ബില്യൺ ഡോളറായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 5.9 ശതമാനം വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിൽ 12.55 ശതമാനം നേട്ടമുണ്ടാക്കി. നെറ്റ്ഫ്ലിക്സ് ഓഹരികൾക്ക് നിലവിൽ 24.86 ഡോളറാണ് വില.

നെറ്റ്ഫ്ലിക്സ് നവംബർ 3 മുതൽ യുഎസിൽ ഒരു പുതിയ പരസ്യ സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരും മാസങ്ങളിൽ ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, യുകെ ഉൾപ്പെടെ 11 രാജ്യങ്ങളിൽ കൂടി പദ്ധതി നടപ്പാക്കും. അതേസമയം, പരസ്യാധിഷ്ഠിത പ്ലാൻ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. അടുത്ത വർഷം പാസ് വേഡ് പങ്കിടൽ നിയന്ത്രണവും കമ്പനി വ്യാപകമാക്കും. 55 ഗെയിമുകളും നെറ്റ്ഫ്ലിക്സിൽ എത്തും. നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ 35 ഗെയിമുകളാണുള്ളത്.

By newsten