സൗദി : സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. നാഷണൽ ഹെറിറ്റേജ് അതോറിറ്റി വാദി ദവാസിറിന് തെക്ക് അൽ-ഫൗവിയിലാണ് പര്യവേഷണം നടത്തിയത്.
റിയാദിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള വാദി ദവാസിര്‍റിനെ നജ്റാനുമായി ബന്ധിപ്പിക്കുന്ന റോഡിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഫൗവിയിലാണ് പുരാതന നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുടെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങളും ലിഖിതങ്ങളും കണ്ടെത്തി.
അൽ-ഫൗവി പുരാവസ്തു സൈറ്റിന് കിഴക്ക് തുവൈഖ് പർവതനിരകൾക്ക് സമീപം താമസിച്ചിരുന്നവരുടെ ആരാധനാലയമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, വഴിപാടുകള്‍ക്കുളള ബലി പീഠം, എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. തുവൈഖ് മലനിരകളോടും ഗോപുരങ്ങളോടും ചേർന്നുള്ള നാല് കൂറ്റൻ കെട്ടിടങ്ങളുടെ അടിത്തറ അതിന്‍റെ കോണുകളിൽ സ്ഥാപിച്ചതായും ഗവേഷകർ സ്ഥിരീകരിച്ചു.