Spread the love

ന്യൂഡൽഹി: ഓൺലൈൻ കൊമേഴ്സ് ഭീമനായ ആമസോണും ട്വിറ്ററിൻ്റെ വഴിയെ. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലായിരിക്കും ഇത്. എന്നാൽ പിരിച്ചു വിടുന്നത് കമ്പനിയുടെ ജീവനക്കാരുടെ ഒരു ശതമാനത്തെ മാത്രമാണെന്നും ആഗോളതലത്തിൽ ആമസോണിന് 1.6 ദശലക്ഷം ജീവനക്കാരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു മാസം ജീവനക്കാരെ വിലയിരുത്തി കമ്പനിക്ക് അനുയോജ്യരല്ലാത്തവരോട് മറ്റ് ജോലികൾ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കേണ്ട കാലയളവിൽ ഇത്തവണ കമ്പനിയുടെ ലാഭം മന്ദഗതിയിലായതായി ആമസോൺ പറഞ്ഞു. ആമസോണിന്‍റെ ഓഹരി മൂല്യം ഈ വർഷം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് കൂട്ട പിരിച്ചുവിടലുകൾ.

എലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം കഴിഞ്ഞയാഴ്ച ട്വിറ്റർ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിന് പിന്നാലെയാണ് ആമസോണും കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.

By newsten