ന്യൂഡൽഹി : എഐഎഫ്എഫ് പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം നടത്തണമെന്ന് ഫിഫ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങൾ അന്വേഷിക്കാൻ ഫിഫ-എഎഫ്സി ടീം ഇന്ത്യയിലെത്തിയിരുന്നു. അവരുടെ സന്ദർശനം ഇന്നലെ പൂർത്തിയായി. ഫെഡറേഷന്റെ പുതിയ ഭരണഘടന ജൂലൈ 31-നകം സുപ്രീം കോടതി അംഗീകരിക്കുകയും സെപ്റ്റംബർ 15-നുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ഈ സമയക്രമം പാലിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് നിരോധനത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.
സുപ്രീം കോടതി വിധിയെ തുടർന്ന് പ്രഫുൽ പട്ടേൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ഫെഡറേഷൻ പ്രതിസന്ധിയിലായത്. ഇതോടെ ഫെഡറേഷന്റെ നടത്തിപ്പിനായി മൂന്നംഗ ഭരണസമിതിയെ സുപ്രീം കോടതി നിയോഗിച്ചു. ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫ ടീം ഇന്ത്യയിലെത്തിയത്.