ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടന് അജയ് ദേവ്ഗണ്. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തുതരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എന്നാല്‍ വിനോദസിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്തെങ്കിലും വെറുതേ കൊടുത്താല്‍ മതിയാവില്ല. അവര്‍ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാല്‍ പുതുമയുള്ളതെന്തെങ്കിലും അവര്‍ നല്‍കേണ്ടതുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
അജയ് ദേവ്ഗണ് നായകനായ ദൃശ്യം 2 റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോൾ 80 കോടിയും പിന്നിട്ട് മുന്നേറുകയാണ് ദൃശ്യം 2. 86.49 കോടിയാണ് ഇതുവരെ ദൃശ്യം 2 നേടിയിരിക്കുന്നത്. അജയ് ദേവ്ഗണ്, ശ്രിയ ശരൺ, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.